വെറും വയറ്റിൽ മുരിങ്ങയില ജ്യൂസ് കുടിച്ചാൽ ലഭിക്കാവുന്ന ഗുണങ്ങൾ

മുരിങ്ങ നല്ലൊരു നാട്ടുഭക്ഷണം ആണെന്ന് പറയാം. നാട്ടുഭക്ഷണം മാത്രമല്ല നാട്ടുവൈദ്യം കൂടിയാണിത്. പല രോഗങ്ങൾക്കുമുള്ള സ്വാഭാവിക പ്രതിരോധ വഴി എന്നുവേണം പറയാൻ. മുരിങ്ങയുടെ ഇലയും, കായും, പൂവും എന്തിന് വേരും തൊലിയും എല്ലാം ഭക്ഷണങ്ങളും മരുന്നുമായി ഉപയോഗിക്കാം. ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് മാത്രമല്ല ആരോഗ്യപ്രശ്നങ്ങൾ അകറ്റാനും ഇത് ഏറെ ഗുണകരമാണ്.

മുരിങ്ങ അത്ഭുത മരം അതായത് മിറാക്കിൾ ട്രീ എന്നാണ് അറിയപ്പെടുന്നത്. ഏതാണ്ട് അഞ്ചുതരം കാൻസർ അടക്കമുള്ള പലതരം രോഗങ്ങൾ മാറ്റാനുള്ള ശേഷിയുള്ളതുകൊണ്ട് തന്നെയാണ് ഈ പേര് വീണതും. ധാരാളം ആന്റി ഓക്സിഡ്കൾ അടങ്ങിയ ഇത് ചർമത്തിനും മുടിയ്ക്കും എല്ലാം ഒരുപോലെ നല്ലതാണ്. പുരുഷന്മാർക്ക് ലൈംഗിക സംബന്ധമായ പ്രശ്നങ്ങൾ തീർക്കാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുരിങ്ങ.

ആയുർവേദത്തിലും പല അസുഖങ്ങൾക്കും പരിഹാരമായി പറയുന്ന ഒന്നാണ് ഇത്. മുരിങ്ങയുടെ ഇല തോരൻ വെച്ചു കഴിക്കുന്നത് പതിവാണ്. ധാരാളം വൈറ്റമിനുകളും ധാതുക്കളും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങയില തോരൻ മാത്രമല്ല ഇത് ഇഞ്ചി ചേർത്ത് വേവിച്ചും കഴിക്കാം. മഞ്ഞൾ ചേർത്തും വേവിച്ച് കഴിക്കാം. മുരിങ്ങയില ജ്യൂസ് ആക്കിയും കഴിക്കാവുന്നതാണ്.

അധികം പേർക്കും പരിചയം ഉണ്ടാവില്ല എങ്കിലും പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ ആണ് മുരിങ്ങയില ജ്യൂസ് ആക്കി കഴിച്ചാൽ ലഭിക്കുക. ഇത് ഉണ്ടാക്കാനും വളരെ എളുപ്പം ആണ്. അരക്കപ്പ് മുരിങ്ങയില നല്ലതുപോലെ കഴുകി ഒരു കപ്പ് വെള്ളം ചേർത്ത് അടിച്ച് ഊറ്റിയെടുത്ത് കുടിക്കാം. ഇതിൽ അൽപം നാരങ്ങാനീരും തേനും ചേർത്ത് ഇളക്കി കുടിക്കുന്നത് വളരെ നല്ലതാണ്.